സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള ബാദ്ധ്യത പത്രപ്രവർത്തനത്തിന്റെ നിയോഗമാണെന്നു തിരിച്ചറിഞ്ഞ് അതിനായി ജീവിതം സമർപ്പിച്ച മഹാനായ പത്രപ്രവർത്തകനും പത്രാധിപരുമായിരുന്നു എടത്തട്ട നാരായണൻ. അതോർമ്മിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇങ്ങനെ എഴുതി: “ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ മുന്നേറ്റത്തിനും കനത്ത നഷ്ടമാണ് എടത്തട്ടയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അടിയന്തരാവസഥയുടെ നാളുകളിൽ പത്രം നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഞങ്ങൾ നടത്തിയ സംഭാഷണങ്ങൾ ഞാനോർമ്മിക്കുന്നു. പ്രേട്രിയറ്റ് പുറത്തിറക്കാൻ അദ്ദേഹം ഏറെ പാടുപെട്ടിരുന്ന സമയമായിരുന്നു അത്. ഭിന്നിച്ചു നിൽക്കുന്ന ഇടതുപക്ഷം എന്നെങ്കിലുമൊരിക്കൽ ഒന്നാകുമെന്നും യോജിച്ചു പൊരുതുമെന്നും അദ്ദേഹം പ്രത്യാശിച്ചിരുന്നു.”
അങ്ങനെ ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്തെ നിത്യസ്മരണീയനായ എടത്തട്ട നാരായണന്റെ ജീവിതകഥയാണ് പി രാംകുമാർ രചിച്ച ‘എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും’ എന്ന കൃ തി. അസാധാരണമായ കൈ ഒതുക്കത്തോടെ എഴുതിയിട്ടുള്ള ഇതിൽ എടത്തട്ട ജീവിച്ചിരുന്ന കാലവും ആ കാലത്തെ സമ്പന്നമാക്കിയ സംഭവങ്ങളും ലളിതവും ഹൃദ്യവുമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ജവഹർലാൽ നെഹ്റു, കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കർ, പ്രമുഖ പത്രാധിപന്മാരായ ചലപതി റാവു, ഫ്രാങ്ക് മൊറയിസ്, മഹാഗോപുരം പോലെ ദേശീയജീവിതത്തിൽ ഉയർന്നുനിന്ന കൃഷ്ണമേനോൻ അങ്ങനെ നിരവധി പ്രമുഖന്മാരുമായി ഇടപെട്ടും ഇടപഴകിയും പത്രപ്രവർത്തനരംഗത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച എടത്തട്ട നാരായണന്റെ സങ്കീർണ്ണമായ വ്യക്തിത്വമറിയാനുള്ള വാതായനങ്ങളാവുന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെയും ആ കാലത്തെയും സംഭവങ്ങൾ.
സൈമൺ കമ്മിഷൺ ബഹിഷ്ക്കരിക്കാൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രതിഷേധ പ്രക്ഷോഭണത്തിൽ പങ്കെടുത്തു കോളജിൽ നിന്നു പുറത്തായ, കപ്പന കണ്ണൻ മേനോന്റെയും എടത്തട്ട രുഗ്മിണിഅമ്മയുടെയും മൂത്ത പുത്രനായ എടത്തട്ട നാരായണൻ തന്റെ ജീവിതം പത്രപ്രവർത്തനത്തിനുള്ളതാണെന്ന് തീരുമാനിച്ച് അതിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ പ്രവർത്തിച്ചു. അനുഭവങ്ങൾ കൊണ്ട് അതിസമ്പന്നമായ തന്റെ പത്രപ്രവർത്തന ജീവിതത്തിനിടയിൽ വിധ്വംസപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റു ചെയ്ത് ജയിലിലായ വിവരം ആരോടും അദ്ദേഹം പറഞ്ഞിരുന്നില്ല. ഒരിക്കൽ തറവാട്ടിൽ പിതാവിനെ സന്ദർശിക്കാനെത്തിയ വാഗ്ഭടാനന്ദസ്വാമി അതെപ്പറ്റി ആരാഞ്ഞപ്പോൾ ഒരു സൈക്കിൾ മോഷ്ടിച്ചതിനാണ് തന്നെ ജയിലാക്കിയതെന്ന മറുപടി പറയാൻ അദ്ദേഹം കൂസാക്കിയില്ല. അനിഷ്ടങ്ങളുമായി സഹവസിക്കാൻ എടത്തട്ട ഒരിക്കലും തയാറായില്ല. അതുകൊണ്ടു തന്നെ ഹിതമായ എന്തിനോടും പ്രതികരിക്കുന്നത് എടത്തട്ടയുടെ ശീലമായിരുന്നു.
“മുൻശുണ്ഠിക്കാരനും കർക്കശനും എന്നാൽ അടുത്തു കഴിഞ്ഞാൽ സ്നേഹസമ്പന്നനുമായ ഒരാൾ. നിങ്ങളോട് അദ്ദേഹം പെട്ടെന്ന് ദേഷ്യപ്പെടും. എന്നാൽ നിങ്ങൾ ഒരു കുഴപ്പത്തിൽപ്പെട്ടാൽ ആദ്യം നിങ്ങളെ സഹായിക്കാനെത്തുക അദ്ദേഹമായിരിക്കും. അമ്മ മരിച്ചതിനു ശേഷവും ഞാനും സഹോദരിമാരും അദ്ദേഹത്തിന്റെ തണലിലാണ് വളർന്നത്. ഒരച്ഛനെപ്പോലെയാണ് അദ്ദേഹം ഞങ്ങൾക്ക് സ്നേഹവും പരിലാളനയും നൽകിയത്.” ഡൽഹിയിൽ സ്കൂൾ അദ്ധ്യാപകനും സൈനികനുമായിരുന്ന എടത്തട്ട രവീന്ദ്രനാഥ മേനോൻ സഹോദരനെ സ്മരിക്കുന്നതങ്ങനെയാണ്.
മദ്രാസിലെ പ്രസിഡൻസി കോളജിലെ പഠനം പൂർത്തിയാക്കാനാവാതെ, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുവന്നാരോപിച്ച്, പുറത്താക്കപ്പെട്ടിരുന്നു. 1924ൽ മദ്രാസിൽ ‘ന്യൂ ഇന്ത്യ’യിൽ ചേർന്ന എടത്തട്ട നാരായണൻ പത്രപ്രവർത്തനജീവിതത്തിലേക്കുള്ള ആദ്യചുവടു വച്ചു. അവിടെ നിന്നും ഡൽഹിയിൽ പോയ അദ്ദേഹം ‘ഹിന്ദുസ്ഥാൻ ടൈംസി’ൽ ജോലിക്ക് ചേർന്നു. അങ്ങനെ ഡൽഹി അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭവനമായി. ‘ഹിന്ദുസ്ഥാൻ ടൈംസി’ൽ നിന്ന്, ലക്നൗവിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പയനിയറി’ൽ ചേർന്നെങ്കിലും അധികകാലം അതിൽ തുടർന്നില്ല. ഡൽഹിയിലേക്ക് മടങ്ങിയ അദ്ദേഹത്തെ ‘ഹിന്ദുസ്ഥാൻ ടൈംസ്’ സ്വാഗതം ചെയ്തു. ഇതിനിടയിൽ ദേവദാസ് ഗാന്ധി ആ ദിനപത്രത്തിന്റെ ഉടമയായിരുന്നു.
‘ടൈംസി’ൽ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചിരുന്ന ശങ്കർ ആ സ്ഥാപനം വിട്ടു സ്വന്തമായ ഒരു പ്രസിദ്ധീകരണം – ശങ്കേഴ്സ‌്‍ വീക്കിലി – ആരംഭിച്ചപ്പോൾ അതിൽ ചേർന്നതോടെയാണ് എടത്തട്ടയുടെ പത്രപ്രവർത്തനജീവിതത്തിലെ രണ്ടാം ഊഴം ആരംഭിക്കുന്നത്. അതിൽ അദ്ദേഹം പേരു വച്ചും വയ്ക്കാതെയും ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. അവയിൽ ‘മാൻ ഒഫ് ദ വീക്ക്’ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. പ്രധാനമന്ത്രി നെഹ്റു ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ ദേശീയ നേതാക്കളും ശങ്കറിന്റെ സ്നേഹിതരായിരുന്നു. അവരിൽ ശങ്കറിന്റെ അടുത്ത മിത്രമായി മാറിയ നെഹ്റു, ‘ശങ്കർ എന്നെ ഒഴിവാക്കരുത്’ എന്ന് പറഞ്ഞുവത്രെ.
സഹപ്രവർത്തകനെന്ന നിലയിൽ ശങ്കറിന് ധൈഷണികമായ പിൻബലം നൽകിയിരുന്നത് എടത്തട്ടയായിരുന്നു. ശങ്കറിന്റെ കാർട്ടൂണുകളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: “സമകാലീനരായ കാർട്ടൂണിസ്റ്റുകളുടെ സൃഷ്ടികളിൽ നിന്ന് ഏറെ വ്യത്യസ്തരായ ലളിതകഥാപാത്രങ്ങളായിരുന്നു ശങ്കറിന്റേത്. അനായാസമായ ആവിഷ്ക്കാരമായിരുന്നു ഈ കാർട്ടൂണുകളുടെ ശക്തി.” 1948ലെ ആദ്യലക്കം മുതൽ 1958 വരെ എട്ടു വർഷക്കാലം ‘വീക്കിലി’യിൽ പ്രധാന എഡിറ്ററായി എടത്തട്ട പ്രവർത്തിച്ചു. അതിനു ശേഷം ബോംബെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഫ്രീ പ്രസ്സ് ജേണലി’ൽ എടത്തട്ട എഡിറ്ററായി പ്രവർത്തിച്ചു.
താൻ പ്രവർത്തിച്ച എല്ലാ പത്രസ്ഥാപനങ്ങളിലും ഗാഢമായ വ്യക്തിമുദ്ര പതിപ്പിച്ച എടത്തട്ട നാരായണൻ ഒടുവിൽ എത്തിച്ചേർന്നത് സ്വന്തമായൊരു പ്രസിദ്ധീകരണത്തിലായിരുന്നു. ‘ലിങ്ക്’ എന്ന പേരിൽ വാർത്താ വാരിക (കൃഷ്ണമേനോനായിരുന്നു വാരികയ്ക്ക് ഈ പേരു നൽകിയത്) 1958ൽ പുറത്തിറങ്ങി. പതിവ് ഇംഗ്ലിഷ്പ്രസിദ്ധീകരണങ്ങളിൽ നിന്നു വ്യത്യസ്തമായ ആ വാരികയെത്തുടർന്ന് അരുണ ആസഫലിയുടെയും ഡോക്ടർ ബാലിഗയുടെയും സഹായത്തോടെ ‘പേട്രിയറ്റ്’ എന്ന പേരിൽ ദിനപ്രതവും പ്രസിദ്ധീകരിച്ചു. ആ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഡൽഹിയിൽ സ്വന്തമായൊരു ആസ്ഥാനവും – ലിങ്ക് ഹൗസ് – അദ്ദേഹം സ്ഥാപിച്ചു. ബഹദൂർഷാ സഫർ മാർഗിൽ തലയുയർത്തി നിൽക്കുന്ന ലിങ്ക് ഹൗസും അവിടെ നിന്ന് പു റത്തിറങ്ങിയിരുന്ന രണ്ടു പ്രസിദ്ധീകരണങ്ങളും എടത്തട്ട നാരായണന്റെ ശരീരവും ആത്മാവുമായിരുന്നു.
‘പ്രതിസന്ധികളുടെ തുടക്കം’ എന്ന അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിക്കുന്നതുപോലെ, ആ പ്രസീദ്ധീകരണങ്ങൾ നേരിട്ട വെല്ലുവിളികളുടെ പ്രത്യാഘാതങ്ങൾ എടത്തട്ടയുടെ ജീവിതത്തെയും ബാധിച്ചു. 1978ൽ എഴുപത്തിന്നാം വയസ്സിൽ എടത്തട്ട അന്തരിക്കുന്നതോടെ ദേശീയപത്രപ്രവർത്തനത്തിന്റെ ചരിത്രത്തിലെ സുവർണവും പ്രക്ഷുബ്ധവുമായ ഒരു അധ്യായം അവസാനിക്കുകയായിരുന്നു. പത്രപ്രവർത്തകർക്ക്, വിശേഷിച്ച് യുവതലമുറയ്ക്ക് പാഠപുസ്തകമാകേണ്ട, മഹനീയമായ ജീവിതമാണ് ഈ ചെറുഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. നിരവധി ക്ലേശങ്ങളെ നേരിട്ട് അവയെയെല്ലാം അതിജീവിച്ച് തന്റെ സ്വപ്നപദ്ധതി സാക്ഷാൽക്കരിച്ച ഗ്രന്ഥകർത്താവ് അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും അഭിനന്ദനം അർഹിക്കുന്നു.
(കലാകൗമുദി, 2022 മേയ് 8-15)
എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും
ജീവചരിത്രം
പി രാംകുമാർ
ഇന്ദുലേഖ പുസ്തകം