രുചിയുടെ ഓർമപ്പുസ്തകം
ലോകത്തേറ്റവും ഭംഗിയുള്ള കാര്യമെന്താണ്? നിങ്ങൾ വിളമ്പുന്ന ഒരിത്തിരി ഭക്ഷണം നല്ല വിശപ്പോടെയും രുചിയോടെയും ഒരാൾ ഭക്ഷിക്കുന്നത് നോക്കിയിരിക്കുക. അപ്പോൾ നിങ്ങളുടെ മനസ്സ് വാത്സല്യം ചുരത്തുന്നു. അച്ഛനോ അനുജനോ ചേച്ചിയോ ആരുമാകട്ടെ നിങ്ങൾ. പക്ഷേ, വൈകാതെ നിങ്ങൾ അമ്മയായി പരാവര്‍ത്തനം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
– ബോബി ജോസ് കട്ടികാട് / അവൾ
പുസ്തകത്തിന്റെ പേരിന്റെ കാര്യം തന്നെ ആദ്യം പറയാം. കേരളത്തിലെ ക്രിസ്ത്യൻ വീടുകളിൽ പൊതുവേ പാകം ചെയ്യാറുള്ള വിഭവങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട്, പേരിടാനുള്ള ഒരു സൗകര്യത്തിനും പറയാനുള്ള രസത്തിനും ‘നാടൻ നസ്രാണിപാചകം’ എന്നിട്ടെന്നേയുള്ളു. അല്ലാതെ, ഭക്ഷണത്തിനെന്തു മതവും ജാതിയും! രുചിയുള്ളതൊക്കെ എല്ലാവരും പാകം ചെയ്യും, എല്ലാവരും കഴിക്കും.
കിഴക്കൻ-പടിഞ്ഞാറൻ രുചികളുടെ ഒരു സങ്കലനമായിരുന്നു എന്റെ ബാല്യകൗമാരങ്ങൾ. എന്റെ അപ്പച്ചയുടെ വീട് കോട്ടയം ജില്ലയിലെ വാഴൂരിൽ, അമ്മയുടേത് ആലപ്പുഴ ജില്ലയിലെ എടത്വായിൽ. കോട്ടയത്ത് ഞങ്ങൾ താമസിക്കുന്ന വീട്ടിലെ രുചികളിൽ അതുകൊണ്ട് കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സ്വാധീനം എപ്പോഴും ഉണ്ടായിരുന്നു. കണ്ണടച്ചു തുറക്കുന്ന നേരത്തിൽ പാചകം തീര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അടുക്കളയിൽ കയറുന്നതെങ്കിലും അമ്മയുടെ കൈകളിൽ എടത്വായും വാഴൂരും മാറി മാറിയും ഒന്നിച്ചു ചേർന്നും രുചിയുടെ ജുഗൽബന്ദി തീർത്തു!
മധ്യവേനലിലെ നീണ്ട അവധിക്കാലങ്ങൾ എപ്പോഴും രണ്ട് തറവാടുകളിലുമായാണ് ചെലവിട്ടിരുന്നത്. അവിടെയെത്തിയാൽ ഈ രണ്ടു രുചികളും കലർപ്പില്ലാതെ മേശപ്പുറത്തെത്തും.
എടത്വായിലെ നാനാമ്മച്ചിയും അമ്മച്ചിയുടെ റൈറ്റ് ഹാൻഡ് അന്നച്ചേടത്തിയും നളന്റെ പെണ്ണവതാരങ്ങളായിരുന്നു. മിഡാസിന്റെ മിടുക്കുള്ള അവരുടെ വിരൽസ്പർശം കറിവേപ്പിലക്കു പോലും കുട്ടനാടിന്റെ തനതു രുചി വാരിക്കോരി കൊടുത്തു.
വാഴൂരിലെ നല്ലമ്മച്ചിക്ക് അടുക്കളയോട് അത്ര പ്രേമമൊന്നും ഇല്ലായിരുന്നു. എന്നാൽ, സഹായികളുടെയും മരുമക്കളുടെയും സഹായത്തോടെ ഒന്നാന്തരം കിഴക്കൻ വിഭവങ്ങൾ തീന്മേശയിലെത്തിക്കാൻ അമ്മച്ചിക്ക് ഒരു പ്രത്യേക വിരുതുണ്ടായിരുന്നു.
ചെണ്ടമുറിയൻ കപ്പയും കാച്ചിൽ പുഴുങ്ങിയതും പോലും ലേശം കാന്താരിച്ചമ്മന്തിയുടെ അകമ്പടിയോടെ വാഴൂരിലെ ഭക്ഷണമുറിയിൽ ഫുൾ കോഴ്‌സ് ഡിന്നറുകളെ വെല്ലുന്ന രുചിയുടെ കാർണിവലുകളായി. ഒരു സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായികയെപ്പോലെ നല്ലമ്മച്ചി ആ മേശക്കടുത്ത് ചിരിച്ചുകൊണ്ട് നിന്നു.
കല്യാണം കഴിഞ്ഞു ചെന്നത് പൂഞ്ഞാറിൽ. വീണ്ടും കിഴക്ക്. പക്ഷേ, അവിടെയൊരു കൗതുകം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ടോമിന്റെ മമ്മി തൃശൂർകാരിയാണ്. മമ്മിയുടെ പാചകത്തിന് അതിനകം ഒരു കിഴക്കൻ രുചിയുടെ കലർപ്പു വന്നിരുന്നെങ്കിലും ഗുരുവായൂരിലെ മമ്മിയുടെ വീട്ടിലും തൃശൂരിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മമ്മിയുടെ സഹോദരിമാരുടെ വീടുകളിലും തനി തൃശൂർ നസ്രാണിപാചകം തന്നെ. മമ്മിയുടെ ഏകസഹോദരൻ ജോര്‍ജ് അങ്കിളിന്റെ ഭാര്യ ലിസിആന്റി കുരിയച്ചിറയിൽ നിന്ന് ഗുരുവായൂരിലേക്ക് വന്നതും തൃശൂർ വയ്പ്പിന്റെ സിഗ്‌നേച്ചറുമായിട്ടായിരുന്നു. അങ്ങനെ ചില സ്‌റ്റൈലൻ തൃശൂർ നസ്രാണിരുചികളും എനിക്കു പ്രിയപ്പെട്ടതായി.
കോഴിക്കോടൻ രുചികൾ പരിചയപ്പെടുത്തിയത് ടോമിന്റെ പ്രിയപ്പെട്ട കസിൻ മെർലിച്ചേച്ചിയാണ്. പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നുമൊക്കെ മലബാറിലേക്ക് മണ്ണിലെ പൊന്നു തേടിപ്പോയ നസ്രാണികളുടെ രുചിക്കൂട്ടുകൾ മെര്‍ലിച്ചേച്ചിയുടെ സദാ തുടച്ചുമിനുക്കിയിട്ടിരിക്കുന്ന അടുക്കളയില്‍ നിന്ന് ഭക്ഷണമേശയിലേക്ക് എത്തും.
ഈ രുചിവൈവിധ്യങ്ങളിലൂടെ ഞാൻ എന്ന അവിദഗ്ദ്ധയായ പാചകക്കാരി നടത്തിയ ഒരു സഞ്ചാരമാണ് ഈ പുസ്തകം. ഓർമ വച്ച കാലം മുതൽ ആസ്വദിച്ച രുചികളിലേക്കുള്ള ഒരു സുഖകരമായ തിരിഞ്ഞുനോട്ടം. പ്രിയപ്പെട്ട ചില രുചികൾ രേഖപ്പെടുത്തി വയ്ക്കുക, അത് പകർന്നു തന്നവരോടുള്ള സ്‌നേഹം അറിയിക്കുക, രുചികരമായ ഓർമകളിലൂടെ വെറുതേ ഒന്ന് തിരിഞ്ഞു നടക്കുന്നതിന്റെ സുഖമറിയുക… ഇതൊക്കെയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.
അതിനാൽത്തന്നെ ഔപചാരികതകളില്ലാത്ത പുസ്തകമാണിത്. ‘മല്ലിപ്പൊടി ഒരു ടീസ്പൂൺ, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, വെളുത്തുളളി ഒരു കുടം’ എന്നൊക്കെ ഈ പുസ്തകത്തിന്റെ പുറങ്ങളിലും കാണാനാവുമെങ്കിലും ഇതൊരു സാധാരണ പാചക പാഠപ്പുസ്തകമല്ല; മറിച്ച് രുചിയുടെ ഓർമപ്പുസ്തകമാണ്.
‘നാടൻ നസ്രാണി പാചക’ത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇപ്പോൾ നാലാം പതിപ്പിൽ എത്തിയിരിക്കുന്നു. ഒരു രസത്തിന് എഴുതിയ പുസ്തകത്തിനു കിട്ടിയ സ്വീകരണം എന്നേപ്പോലൊരു സാധാരണക്കാരിയെ അമ്പരപ്പിക്കുന്നതായിരുന്നു. അതുകൊണ്ടാണ് കുറച്ചു കാര്യമായിത്തന്നെ അതിനെ ഒന്നു പരിഷ്കരിച്ചുകളയാം എന്നുവച്ചത്. ആദ്യപതിപ്പിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം വിഭവങ്ങളുടെ കുറിപ്പുകൾ ഇതിലുണ്ട്. അമ്മമാരിൽ നിന്നും ആന്റിമാരിൽ നിന്നുമൊക്കെ കിട്ടിയ കുറേ പൊടിക്കൈകളും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.
രുചികരമായ ഓർമകളോടെ പാചകം ചെയ്യാനും വിളമ്പാനും കഴിക്കാനും കഴിപ്പിക്കാനും ഈ പുസ്തകം നിങ്ങളെ സഹായിക്കട്ടെ.
നാടൻ നസ്രാണി പാചകം
സ്വപ്ന തോമസ്
താമര
2015 ജനുവരി