കുറേ നാളുകൾക്കു ശേഷം കണ്ടുമുട്ടുന്ന ആത്മമിത്രങ്ങളായിരുന്നു അവർ. പരസ്പരം മിഴികളിൽ നഷ്ടപ്പെട്ടിരിക്കുമ്പോൾ അവൾ വ്യാകുലപ്പെട്ടു: എന്റെ ഭംഗിയൊക്കെ പോയോ? മൂക്കിനു മീതെ ഒരു വര വീണിട്ടുണ്ട്. കണ്ണിനു താഴെ കറുപ്പ്. സൂക്ഷിച്ചു നോക്കിയാൽ നര കാണാം.

സത്യം പറഞ്ഞാൽ അതൊന്നും അയാൾ കണ്ടില്ല. ചങ്കിൽ വല്ലാതെ പതിഞ്ഞൊരു മുഖമാണ്. അതിനു മുൻപോ പിൻപോ ഓർമ്മിച്ചെടുക്കാൻ മറ്റൊരു രൂപമില്ല. അല്ലെങ്കിൽത്തന്നെ, നാല്പതുകളുടെ രണ്ടാംപാതി പിന്നിടാറായ ഒരാളുടെ ഉള്ളിലെ അഴകിനെക്കുറിച്ചുള്ള ധാരണകൾക്ക് ഇപ്പറഞ്ഞതൊന്നുമായി ബന്ധമില്ലെന്ന് അവളോടു പറയണമെന്നു തോന്നി; ബാല്യകൗമാരങ്ങളിൽ രൂപഭംഗിയെന്ന കല്ലിൽ തട്ടി പരിഭ്രമിക്കാത്ത ആരുമില്ലെങ്കിൽപ്പോലും. ‘നേരിട്ടു വന്നു കാണാൻ താല്പര്യമുണ്ട്. എന്നാലും എന്നെക്കണ്ടാൽ നിങ്ങൾക്കെന്നോടുള്ള മതിപ്പ് കുറയും’ എന്നെഴുതിയ ഒരു കുഞ്ഞുമകളോട് ‘ഒരു പൂവിറുത്ത് പൊട്ടിയ മഷിക്കുപ്പിയിൽ വച്ചാലും ചുളുങ്ങിയ ഒരു പൗഡർ ടിന്നിൽ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നതുപോലെ, ഉള്ളിലൊരു പൂവുണ്ടായിരിക്കുകയാണ് പ്രധാനം’ എന്ന ന്യായവാദത്തോടെ മറുകുറിയെഴുതിയിട്ട് ഏതാനും ദിനങ്ങളേ ആയിട്ടുള്ളു. ഉള്ളിലൊരു പൂവുണ്ടാവുകയാണ് പ്രധാനം. അകപ്പൊരുളിന്റെ പരിമളമാണ് സൗന്ദര്യം. അത് ആവോളമുള്ള സ്ത്രീയാണിങ്ങനെ സങ്കടം പറയുന്നത്!

അത്തരമൊന്നിന്റെ അഭാവത്തിൽ എത്ര പെട്ടെന്നാണ് ഓരോരുത്തരുടെയും പൂച്ച് പുറത്താകുന്നത്. സിദ്ധാർത്ഥന്റെ ജീവിതനിരാസത്തെ ത്വരിതപ്പെടുത്തിയ വിചാരമാണിത്. പകൽ മുഴുവൻ അഴകിന്റെ മിന്നൽപ്പിണരുകളായി രാജസദസ്സിന്റെ ഉള്ളം പകുത്ത കുറേ നർത്തകിമാർ. രാത്രി അതേ കൂത്തമ്പലത്തിനു കുറുകെ പോകേണ്ട എന്തോ കാര്യമുണ്ടായി കുമാരന്. പകലിനെ ഭ്രമിപ്പിച്ച നർത്തകിമാർ അവിടെ തളർന്നുറങ്ങുന്നുണ്ട്. അവരുടെ പ്രസാദമില്ലാത്ത ഉറക്കം കണ്ടു അയാൾ. പകലിന്റെ സൗന്ദര്യം അന്തിയോളം ഒരാൾക്ക് കൂട്ട് പോകുന്നില്ലായെന്നറിഞ്ഞു. നമ്മുടെ കൊട്ടാരം കത്തുന്നുവെന്ന് വിളിച്ചു പറയാൻ ഇതുമയാൾക്കൊരു പ്രേരണയായിട്ടുണ്ടാവും.

നമ്മുടെ സൗന്ദര്യസങ്കല്പങ്ങളെ പുനർവിചാരണ ചെയ്യാൻ നേരമായി. ഭ്രമങ്ങളെ കണ്ടെത്തുകയും നിലനിർത്തുകയും ചെയ്യുകയാണ് അഴകിന്റെ വഴിയെന്ന് കരുതിയ യവനപാരമ്പര്യത്തിൽ അധിഷ്ഠിതമാണ് ഇപ്പോഴും നമ്മുടെ ലാവണ്യവിചാരങ്ങൾ. ഗാർഡനിങ്ങിൽ ജ്യാമിതീയകൃത്യതയോടെ ചെടികൾ വിന്യസിക്കുന്നതുപോലെ, കൃത്യമായ അളവും കണക്കുമൊപ്പിച്ച സൗന്ദര്യസങ്കല്പങ്ങൾ.

പ്രകൃതി പോലും അത്തരം സങ്കല്പങ്ങളെ നിരാകരിച്ചേക്കും. കടൽ, കിഴക്കൻമലകൾ, ആകാശം… എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകളാണ്.  പക്ഷേ, ഒരു തിരമാലയ്ക്ക് മറ്റൊന്നിനോടോ ഒരു കുന്നിന് മറ്റൊരു കുന്നിനോടോ ഒരു മേഘത്തിന് മറ്റൊരു മേഘത്തിനോടോ എന്തു പൊരുത്തം? നിര തെറ്റിയ പല്ലു പോലെ, ഒരു നുണക്കുഴി പോലെ കൗതുകവും വാത്സല്യവുമുണർത്തുന്ന കാഴ്ചകൾ. ഒരു പൂന്തോട്ടവും കാവും തമ്മിലുള്ള വ്യത്യാസത്തിൽ മനസ്സിലാക്കാവുന്നതാണീ വിചാരം. കൃത്യത കൃത്രിമത്തിന്റെ പര്യായമാണ്.

നിത്യചൈതന്യയതിയോട് വിദേശിയായ ഒരു പത്രപ്രവർത്തകൻ പറഞ്ഞതുപോലെ: ‘ഡൽഹി തൊട്ട് കോവളം വരെ നിങ്ങളുടെ നിരത്തുകളിലെ സിനിമാപരസ്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. എല്ലാവരും ഒരേ പോലെ തക്കാളി കണക്ക് ചുവന്ന്, ഐസിലിട്ട മത്സ്യങ്ങളേപ്പോലെ നിർജ്ജീവമായ മിഴികളോടുകൂടി! ഇവരാണോ നിങ്ങളുടെ സുന്ദരന്മാരും സുന്ദരികളും?’

‘പിന്നെ?’ ഗുരു ആരാഞ്ഞു.

അപ്പോളയാൾ, മീൻകുട്ടയും തലയിൽ വച്ചുപോകുന്ന ഒരു സ്ത്രീയെ കാണിച്ചുകൊടുത്തു; വിരിഞ്ഞ നെറ്റിയും തെല്ലുയർന്ന പല്ലുകളുമായി ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന ഒരു സ്ത്രീയെ. ആ വ്യതിരിക്തതയും ആത്മവിശ്വാസവുമാണ് ശരിക്കുള്ള സൗന്ദര്യമെന്ന് തോന്നുന്നു. വലിപ്പമുള്ളവയിൽ കുറേക്കൂടി സൗന്ദര്യമുണ്ടെന്ന വിചാരവും എങ്ങനെയോ നമ്മിൽ രൂപപ്പെട്ടു. വലിയ തെരുവുകൾ, വലിയ വീടുകൾ, വലിയ ദേവാലയങ്ങൾ… അങ്ങനെയങ്ങനെ. വയൽപ്പൂവിന് സോളമനേക്കാൾ അഴകുണ്ടെന്നൊരു ക്രിസ്തുമൊഴിയുണ്ട്. പുറംപകിട്ടുകൾക്കും ആഡംബരങ്ങൾക്കും എതിരെയുള്ള ഏറ്റവും സൗമ്യമായ കലഹമാണിത്. ഷൂമാക്കറുടെ ‘ചെറുതാണ് സുന്ദര’മെന്ന പുസ്തകമൊക്കെ ഇത്തരം ഒരു പ്രകാശത്തിൽ സംഭവിച്ചതാവണം. അതുകൊണ്ടാണ് ‘നാസൂന’ എന്നൊരു കാട്ടുപൂവ് ബാഷോയ്ക്ക് കവിതയുടെ കാരണമാകുന്നത്. കാലാതീതമായ ഒരു സൗന്ദര്യത്തെ തേടിത്തുടങ്ങുന്നിടത്താണ് ഒരാളുടെ യഥാർത്ഥമായ ആന്തരികജീവിതം ആരംഭിക്കുന്നതെന്ന് തോന്നുന്നു.

സ്വന്തം ജീവിതത്തിന്റെ ഹ്രസ്വത മനസ്സിലാക്കിയവർക്കും അതിനാവുമെന്ന് തോന്നുന്നു. An Occurrence at Owl Creek Bridge എന്ന ചലച്ചിത്രത്തിൽ കഴുമരത്തിലേറാൻ പോകുന്നയാൾ ചെറുപ്രാണികളുടെ ചലനം കണ്ണുനിറഞ്ഞ് ഉറ്റുനോക്കുന്ന കാഴ്ചയുണ്ട്. കുയിലിന്റെ പാട്ടു മാത്രമല്ല, കൂമന്റെ കുറുകലും സംഗീതമായി മാറുന്നു ചില നേരങ്ങളിൽ. ഗ്രാമീണമായൊരു വിചാരം കൂടി ഇതിനോടു ചേർത്തുവായിക്കാം, കാക്കയുടെ പൊൻകുഞ്ഞ്.

ഹൃദയബന്ധത്തിന്റെ അദൃശ്യനൂലിലാണ് മനുഷ്യർക്ക് അളവില്ലാത്ത ലാവണ്യമുണ്ടാകുന്നത്. അങ്ങനെയാണ് ലക്ഷക്കണക്കിനു സുന്ദരികൾ പൂച്ച നടത്തത്തിൽ ഏർപ്പെടുന്ന ഭൂമിയിൽ, വല്ലാതെ മെല്ലിച്ചുപോയ, കമലാദാസിന്റെ ഭാഷയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയോടി കോലാടു പോലെ ആയിത്തീർന്ന, നിങ്ങളുടെ സ്ത്രീയോളം ചന്തമുള്ള ഒരാളില്ലെന്ന് കണ്ണുനിറഞ്ഞ് നിങ്ങളോർമിക്കുന്നത്. നിങ്ങളുടെ പുഴുപ്പല്ലൻ കുഞ്ഞിനെ നോക്കൂ: അവന്റെ ചിരിയോളം നല്ലൊരു ചിരി… ദൈവമേ!

ശരിക്കും നടന്നതാണ്. അഴകിനെ ഒരു മതം പോലെ പിന്തുടർന്ന ഒരു കലാകാരനുണ്ടായിരുന്നു. കുറേയധികം സ്ത്രീകൾക്കുള്ള വഴിയമ്പലം പോലെയായിരുന്നു അയാളുടെ ജീവിതം. ഒടുവിൽ ജ്വരക്കിടക്കയിൽ അയാൾക്ക് കൂട്ടായിരുന്ന ആ സ്ത്രീ -അയാളുടെ ഭാര്യയായിരുന്നു അത്- അവളുടെ കരങ്ങൾ മുറുകെപ്പിടിച്ച് ഇങ്ങനെ കുമ്പസാരിച്ചയാൾ കടന്നുപോയി: ‘കാക്കപ്പൊന്നായിരുന്നു എല്ലാം; നീയായിരുന്നു തനി തങ്കം.’

ആ റഷ്യൻ നാടോടിക്കഥ ഓർമ്മയില്ലേ? പാടം കൊയ്യാനായി അമ്മയോടൊപ്പം പോയ കുഞ്ഞ് വരമ്പത്ത് കിടന്നുറങ്ങിപ്പോയി. ഉണർന്നപ്പോൾ അമ്മയെ കാണാനില്ല. മുഴുവൻ ഗ്രാമവാസികളും കുഞ്ഞിന്റെ അമ്മയെത്തേടി പുറപ്പെട്ടു. ‘ഭൂമിയിലേക്ക് ഏറ്റവും സുന്ദരിയാണവൾ’ എന്നൊരു അടയാളമൊഴിച്ച് മറ്റൊന്നും കുഞ്ഞിന് അമ്മയേക്കുറിച്ച് പറയാനറിയാമായിരുന്നില്ല. അഴകുള്ളവളെത്തേടി അലഞ്ഞലഞ്ഞ് ഗ്രാമീണരിങ്ങനെ. പക്ഷേ, കണ്ടില്ലവളെ. ഒടുവിൽ, പുലരിവെട്ടത്തിൽ വയൽവരമ്പിലൂടെ ഒരു സ്ത്രീ കുഞ്ഞിന്റെ അടുക്കലേക്ക് കിതച്ചുകിതച്ച് ഓടിയെത്തി. കുഞ്ഞ് വിളിച്ചുകൂവി: അമ്മ വന്നു! ഗ്രാമം അവളേക്കണ്ട് അമ്പരന്നു; അവർക്ക് സങ്കല്പിക്കാവുന്നതിനേക്കാൾ വിരൂപയായ ഒരു സ്ത്രീയായിരുന്നു അത്.

സൗന്ദര്യം കൊണ്ട് തന്നെ ഭ്രമിപ്പിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തിൽ അവളുടെ ശേഷിപ്പുകൾ കാണേണ്ടിവന്ന കൊച്ചുനിക്കോസിന്റെ ജീവിതത്തിന്റെ ദിശ വഴിമാറിത്തുടങ്ങിയതായി ‘റിപ്പോർട്ട് റ്റു ഗ്രിക്കോ’യെന്ന നിക്കോസ് കസൻദ്‌സാക്കീസിന്റെ ജീവിതരേഖയിൽ നാം വായിക്കുന്നു. ഒരാൾ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ ശരിക്കുമുള്ള സൗന്ദര്യമെന്ന് തോന്നുന്നു.

(ബോബി ജോസ് കട്ടികാട് എഴുതിയ അവൾ എന്ന പുസ്തകത്തിലെ സുന്ദരന്മാരും സുന്ദരികളും എന്ന അധ്യായം)

Order Nowഅവൾ
ബോബി ജോസ് കട്ടികാട്
ഇന്ദുലേഖ പുസ്തകം
2017