share your memoirs at SPiCE
 

യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....

-രമേഷ് മേനോന്‍, അബുദാബി
നേരം ഏകദേശം ഒരു ഏഴ് മണി കഴിഞ്ഞിരിക്കും. സൂര്യന്‍ അസ്തമിച്ചു, ഉമ്മറത്തെ വലിയ മാവിന്മേല്‍ പക്ഷികളും, ദേശാടനം നടത്താന്‍ ഇറങ്ങിയ കുറച്ചു കൊക്കുകളും തമ്മില്‍ രാത്രിയിലെ വാസത്തിനുള്ള ഇടത്തിനു വേണ്ടി മത്സരിക്കുന്നു. ഉമ്മറത്ത്‌ ചെറിയ വെളിച്ചത്തില്‍ ഇരുന്നു പുസ്തകത്തിലെ പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കയായിരുന്നു ആ കൊച്ചു കുട്ടി. എന്നത്തേയും പോലെ അമ്മൂമ്മയും കൂട്ടിനുണ്ട്. അപ്പോള്‍ മുന്‍വശത്തെ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു. ആരാ മോനേ അത്, ഒന്നു എണീറ്റ്‌ നോക്കൂ? കുട്ടി ഉത്തരം പറയുന്നതിന് മുന്‍‌പേ ആ പാട്ടിന്റെ വരികള്‍ വീട്ടിലേക്ക്‌ ഒഴുകിയെത്തി. യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....

അത് വേലായുധന്റെ വരവാണ്. എന്നത്തേയും പോലെ, വൈകിട്ടു പണി ഒക്കെ കഴിഞ്ഞു ഗ്രാമത്തിലെ കള്ളു ഷാപ്പിലേക്കുള്ള തന്റെ നിത്യ സന്ദര്‍ശനവും കഴിച്ചുള്ള വരവാണ്. റോഡരികിലുള്ള വഴിവിളക്കിന്റെ ഒരു ചെറിയ പ്രകാശമേ ആകെ അവിടെ ഉണ്ടായിരുന്നുള്ളു. എന്നാലും വേലായുധന് വഴിയെല്ലാം മന:പാഠമാണ് എത്ര ഫിറ്റായാലും. പോകുന്ന വഴി തന്റെ യജമാനന്റെ വീട്ടില്‍ ഒന്നു കയറുക , പിന്നെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു കൊച്ചു പൊതിയില്‍ നിന്നു നാരങ്ങ മിട്ടായി അവിടത്തെ കുട്ടികള്‍ക്കു കൊടുക്കുക. ഏതെങ്കിലും പഴയ ഒരു ശിവാജി പടത്തിലെയോ എം ജി ആര്‍ പടത്തിലെയോ ഏതാനും വരികള്‍ പാടുക. കുട്ടിക്കാലത്ത് എപ്പോഴോ തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തില്‍ ജോലിക്ക് പോയതിന്റെ സമ്മാനങ്ങളാണ് ആ നുറുങ്ങു പാട്ടുകള്‍.


യജമാനന്‍ നല്കിയ അഞ്ചു സെന്റ് സ്ഥലത്തുള്ള തന്റെ ഓല മേഞ്ഞ പുരയിടത്തിലേക്ക് കിടക്കാന്‍ പോകുന്നതിനു മുന്‍‌പാണ് മിഠായി തരാനുള്ള വരവ്. വേലായുധനും ഭാര്യയും ആ വീട്ടിലെ സ്ഥിരം പണിക്കാരായിരുന്നു - വേറെ ആരുമില്ലാതിരുന്ന അവര്‍ക്ക് എല്ലാമെല്ലാമായിരുന്നു ആ കുടുംബം. അതിലുമുപരിയായി - അവരുടെ മരിച്ചുപോയ രണ്ടു കൊച്ചുകുട്ടികളുടെ അതെ പ്രായക്കാരായിരുന്നു ആ വീടിലെ കുട്ടികളും .

കുട്ട്യേ , ഇതു പിടിച്ചോളൂ , ഇന്നു വേലായുധന്റെ കയ്യില് ഇത്രയേ ഉള്ളു. കുഴഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പുലമ്പി കൊണ്ടിരുന്നു. അത് നോക്കി കൊണ്ടു അമ്മൂമ്മ പറഞ്ഞു, എന്താ വേലായുധാ ഇത്? എത്ര പറഞ്ഞിട്ടുള്ളതാ നിന്നോട്, ഇങ്ങനെ കുടിച്ചിട്ട് സന്ധ്യക്ക്‌ ഈ വഴിക്ക് വരരുതെന്ന്? കുറച്ചു നേരത്തേക്ക് ഒരു മൌനം. എന്താ ചെയ്യാ എമ്ബ്രാട്ടി, ഒരു രണ്ടു മിട്ടായി കയ്യിലുണ്ടായിരുന്നു. അത് ഇവിടെ കുട്ടിക്കള്‍ക്ക് കൊടുത്തിട്ട് പോകാം എന്ന് കരുതി. എനിക്ക് അവിടെ കാത്തിരിക്കാന്‍ ആരാ ഉള്ളത്........

ആടി ആടി വേലായുധന്‍ ആ പറമ്പിന്റെ അറ്റത്തുള്ള തന്റെ കൊച്ചു പുരയിലേക്ക്‌ പതുക്കെ നടന്നു നീങ്ങി. എവിടെയോ ഒരു പട്ടി അപ്പോള്‍ കുരക്കുന്നുണ്ടായിരുന്നു. “സര്‍പ്പക്കാവിലെ പാമ്പുകള്‍ ഇഴഞ്ഞു നടക്കണ നേരമാണ് ഇത്. എത്ര പറഞ്ഞാലും കേള്‍ക്കില്ല അവന്‍ ”- അമ്മൂമ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.... അപ്പോഴേക്കും ആ ശബ്ദം കുറച്ചകലെയായി കഴിഞ്ഞു . ‘യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ..... ‘ ഏതാനും നിമിഷങ്ങള്‍ക്കകം അകലെ നിന്നു ഒരു കരച്ചില്‍ കേള്‍ക്കാമായിരുന്നു, എന്നെ തല്ലല്ലേ , എന്നെ തല്ലല്ലേ,...... ഉടന്‍ അടുത്ത ശബ്ദം - ആര്രാടി ഇപ്പോള്‍ ഇവിടെന്നു ഓടി പോയത്..... നിന്റെ മറ്റവനെ ഞാന്‍ ഒരു ദിവസം കൊല്ലും........ ഏതാനും മിനിട്ടുകള്‍ക്കകം ആ രണ്ടു ശബ്ദങ്ങളും നിലച്ചു. മറ്റൊരു ദിവസത്തിന്റെ അന്ത്യം. മറ്റൊരു നാളേക്ക് വേണ്ടി രണ്ടു പേരും മതിമറന്നുറങ്ങുന്ന നിശ്ശബ്ദത....

പിറ്റേ ദിവസവും രാവിലെ വെളുപ്പിന് തന്നെ രണ്ടു പേരും അവരവരുടെ പണിക്കായി കൃത്യതയോടെ എത്തി ചേര്‍ന്നിരുന്നു.... മറ്റൊരു സന്ധ്യക്കും, മറ്റൊരു ജമിനി ഗണേശന്‍ പാട്ടിനും, ഒന്നോ രണ്ടോ നാരങ്ങ മിട്ടായിക്കുമായി ഞാനും. അതിന് ഒരു പ്രത്യേക മധുരമായിരുന്നു.

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger