Movie Making: from Thousands to Crores


പ്രേം നസീറിന് രണ്ടര ലക്ഷം; മമ്മൂട്ടിക്കും ലാലിനും ഒരു കോടി!
- ജി ജ്യോതിലാല്‍
"അറുപതുകളിലാണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് ഒരു സിനിമ ഒന്നേകാല്‍, ഒന്നര, രണ്ടുലക്ഷം രൂപയ്‌ക്ക് തീരുമായിരുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അന്നത്തെ സൂപ്പര്‍ സ്‌റ്റാര്‍ സത്യന് 3000 രൂപയായിരുന്നു പ്രതിഫലം. പിന്നീടത് 4000, 5000 വരെ ഉയര്‍ന്നു. എനിക്കന്ന് തിരക്കഥ എഴുതിയതിന് 1000 രൂപയാണ് പ്രതിഫലം കിട്ടിയത്. കാമറ വാടക അടക്കം ഫ്ലോറിന് ദിവസം 300-350 രൂപ വരും. അവളുടെ രാവുകള്‍ ഒന്നര ലക്ഷത്തിനു തീര്‍ന്ന പടമാണ്. " ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് സിനിമയിലെത്തി വര്‍ണകാലത്തും സിനിമയിലുണ്ടായിരുന്ന സിനിമാപ്രവര്‍ത്തകന്‍ ആലപ്പി ഷരീഫിന്റെ വാക്കുകള്‍.
അന്ന് പകലിനെ രാത്രിയാക്കുന്ന വിദ്യയായിരുന്നു. വലിയ ലൈറ്റുകളാണ് ഫ്ലോറില്‍ ഉപയോഗിക്കാറ്. വൈറ്റ് ഡ്രസ് ഉപയോഗിക്കാനേ പറ്റില്ല. മഞ്ഞയോ കാവിയോ കളറാണ് വൈറ്റായി കാണുന്നത്. ബ്ലാക്ക് ഡ്രെസ് വേണമെങ്കില്‍ റെഡ് ഉപയോഗിക്കണം. കക്ഷം വിയര്‍ത്ത് പാട് കാണാതിരിക്കാന്‍ അടിക്കടി വസ്‌ത്രം മാറ്റണമായിരുന്നു. തേച്ചുണക്കിയെടുത്താണ് നായികമാര്‍ വസ്‌ത്രം മാറി കൊണ്ടിരുന്നത്.
അന്ന് സിനിമയെ കുറിച്ച് ധാരണയുള്ളവരാണ് നിര്‍മാതാക്കള്‍. അവരാദ്യം ചെയ്യുന്നത് കഥ തെരഞ്ഞെടുക്കലാണ്. പിന്നീടേ താരങ്ങളെ നിശ്‌ചയിക്കൂ. സ്‌ഥിരം സംവിധായകനല്ലെങ്കില്‍, സംവിധായകനെയും പിന്നീടാണ് തീരുമാനിക്കുന്നത്. അത് കഥയുടെ സ്വഭാവം നോക്കിയായിരിക്കും പലപ്പോഴും. സംവിധായകനു പറ്റില്ലെങ്കില്‍ സംവിധായകനെ മാറ്റുക എന്നല്ലാതെ കഥ മാറ്റാറില്ലായിരുന്നു.
ഇന്ന് 12,000 അടി സിനിമയ്‌ക്ക് ഒരു ലക്ഷം അടിയിലധികം എക്‌സ്‌പോസ് ചെയ്യുമ്പോ, അന്ന് 40,000 അടിയൊക്കെയേ എക്‌സ്‌പോസ് ചെയ്യാറുള്ളൂ. അതൊക്കെ നിര്‍മാണച്ചെലവില്‍ വമ്പന്‍ ആശ്വാസമാണ്. അന്ന് ഈ ചെലവാകുന്ന പണത്തിന്റെ അഞ്ചിരട്ടിയെങ്കിലും തിരിച്ചു കിട്ടാറുണ്ടായിരുന്നു. മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടാത്ത സിനിമകള്‍ വളരെ കുറവായിരുന്നു. മറ്റു വിനോദോപാധികള്‍ ഇല്ലാത്തതാണ് ഒരു പ്രധാന കാരണം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്ക് മാറിയപ്പോള്‍ രണ്ടു ലക്ഷത്തില്‍ നിന്ന് ഏഴു ലക്ഷത്തിലേക്കാണ് വര്‍ധിച്ചത്.
അന്ന് മലയാളസിനിമയുടെ പര്യായമായിരുന്നു പ്രേം നസീര്‍. ജനപ്രിയന്‍ , അടിമുടി മാന്യന്‍. 3000-5000 ഒക്കെയായിരുന്നു ആദ്യകാലപ്രതിഫലം. പിന്നീടത് 50,000, ഒരു ലക്ഷം എന്നിങ്ങനെ വളര്‍ന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം അദ്ദേഹത്തിനു ലഭിച്ചത് പടയോട്ടത്തിനാണ്. രണ്ടര ലക്ഷം. നഷ്‌ടത്തിലായ നിര്‍മാതാക്കളെ സഹായിക്കാന്‍ ഡേറ്റ് കൊടുക്കുന്ന സന്മനസും നസീറിന്റെ പ്രത്യേകതയായിരുന്നു.
ഇനി നായികമാരുടെ സ്‌ഥിതി. ആദ്യചിത്രത്തിലെ നായികയെ പ്രേക്ഷകര്‍ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. സൈക്കിളില്‍ വന്ന കാമുകന്‍ അവരുടെ തലയില്‍ നിന്ന് പൂവെടുക്കുന്ന രംഗം കണ്ടാണത്രെ അന്നത്തെ സദാചാരവാദികള്‍ ഇളകി മറിഞ്ഞത്.
ബാലനില്‍ എം.കെ കമലമായിരുന്നു നായിക. 75 രൂപ അന്ന് പ്രതിഫലം കിട്ടിയിരുന്നു. തുടര്‍ന്ന് ബാലാരിഷ്‌ടതകള്‍ മാറിയ സിനിമയില്‍ നായികമാര്‍ക്കും പ്രാധാന്യം കിട്ടിതുടങ്ങി. നായകന്മാര്‍ 5000 പ്രതിഫലം വാങ്ങുമ്പോള്‍ നായികമാര്‍ക്ക് 2500 രൂപ കിട്ടിയിരുന്നു. കഥയില്‍ കാര്യമായ പ്രാധാന്യവും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുമുണ്ടായിരുന്നു.
ഇനി വര്‍ത്തമാനകാല സിനിമയിലേക്കു വരാം. നിര്‍മാണച്ചെലവിലുണ്ടായ വന്‍വര്‍ധന തന്നെയാണ് പ്രധാനമാറ്റം. താരങ്ങളുടെ പ്രതിഫലത്തുക കുത്തനെ കൂടി. ഇന്ന് ഒരു സിനിമയുടെ നിര്‍മാണച്ചെലവ് സൂപ്പര്‍ താരങ്ങളാണെങ്കില്‍ മൂന്നരക്കോടിയെങ്കിലും വരും. രണ്ടാം നിര താരങ്ങള്‍ക്ക് ഇതിന്റെ പകുതിയെങ്കിലും വരും. താരങ്ങളുടെ പ്രതിഫലത്തുക ഇന്ന് ഏതാണ്ടിങ്ങനെ: മമ്മൂട്ടി- 50 ലക്ഷവും ഓവര്‍സീസ് അവകാശവും. ഫലത്തിലിത് ഒരു കോടിയിലധികം വരുന്നു. മോഹന്‍ലാല്‍- ഒരു കോടി. കോളജ് കുമാരനു വേണ്ടി ഒന്നേകാല്‍ കോടിയും ഏറ്റവും പുതിയ ചിത്രത്തിന് ഒന്നരക്കോടിയും പ്രതിഫലം വാങ്ങിയതായി വാര്‍ത്ത വന്നു.
സുരേഷ് ഗോപി 55 മുതല്‍ 60 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങുന്നത്. ദിലീപ്- 45 ലക്ഷം. 17 ലക്ഷം വരെ വാങ്ങിയിരുന്ന ജയറാമിനിപ്പോള്‍ 12 ലക്ഷമാണ്. പൃഥ്വീരാജ്- 12 ലക്ഷം, ജഗതി നാലു മുതല്‍ അഞ്ചു ലക്ഷം വരെ, സായ്‌കുമാര്‍- 5 ലക്ഷം, സിദ്ദിഖ് - അഞ്ചു ലക്ഷം, ഇന്ദ്രജിത്ത്- രണ്ടര ലക്ഷം, ലാലുഅലക്‌സ്- മൂന്നുനാലു ലക്ഷം വരെ, സലിംകുമാര്‍- നാലുലക്ഷം, ഇന്ദ്രന്‍സ്- 75,000, സുധീഷ് 50,000 മുതല്‍ 75,000 വരെ, തിലകന്‍- മൂന്നര ലക്ഷം, നെടുമുടി - 3 ലക്ഷം, സുരേഷ് കൃഷ്‌ണ , ഷമ്മി തിലകന്‍ തുടങ്ങിയവര്‍ 1.15 ലക്ഷം, കല്പന- ഒന്നര ലക്ഷം, ഉര്‍വശി - 7 ലക്ഷം, മനോജ് കെ. ജയന്‍- 5 ലക്ഷം, മണി- 7 ലക്ഷം, റഹ്‌മാന്‍- മൂന്നര ലക്ഷം, മുകേഷ്- 5 ലക്ഷം, സുരാജ് വെഞ്ഞാറമൂട്- ഒരു ലക്ഷം, ഷീല - 4 ലക്ഷം എന്നിങ്ങനെയാണ് റേറ്റ്.
നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് മഞ്ജു വാര്യരായിരുന്നു. എന്നാലിപ്പോള്‍ നായകന്മാരുടെ വെറും നിഴലായി മാറുന്ന നായികമാരെയാണ് ഏറെയും കാണുന്നത്. നസീറിന്റെ കാലത്ത് നായകന്റെ പാതി പ്രതിഫലം കിട്ടിയുരുന്നു നായികമാര്‍ക്ക്. ഇന്നത്തെ അവസ്ഥ നോക്കൂ:
മീര ജാസ്മിന്‍- 10 ലക്ഷം, കാവ്യ - 7 ലക്ഷം, ഭാവന - 7 ലക്ഷം, പദ്മപ്രിയ - 4 ലക്ഷം, വിമല രാമന്‍ - രണ്ടര ലക്ഷം. കവിയൂര്‍ പൊന്നമ്മയ്ക്ക് ഒന്നര ലക്ഷം, സുകുമാരിക്കു അഭിനയിക്കുന്ന ദിവസത്തിന്റെ എണ്ണത്തിനനുസരിച്ച് 50,000 മുതല്‍ മുകളിലേക്ക്.

സംവിധായകരില്‍ കമലും വിനയനുമാണ് പ്രതിഫലത്തില്‍ മുന്നില്‍. 30 മുതല്‍ 35 ലക്ഷം വരെയാണ് ഇവര്‍ വാങ്ങുന്നത്. ഷാജി കൈലാസും ജോഷിയും 15 മുതല്‍ 20 വരെ, റോഷന്‍ ആന്‍ഡ്രൂസ് 15 ലക്ഷം എന്നിങ്ങനെയാണ് നിരക്ക്.
തിരക്കഥയില്‍ രഞ്ജിത്തും രഞ്ജി പണിക്കരുമാണ് താരങ്ങള്‍. 20 ലക്ഷം പ്രതിഫലം വാങ്ങിയതായി ഇവരെപ്പറ്റി ഒരു കവര്‍ സ്റ്റോറി തന്നെ മലയാളത്തില്‍ വന്നിരുന്നു. ടി എ ഷാഹിദ് - 15 ലക്ഷം, എസ് എന്‍ സ്വാമി - 5 ലക്ഷം, ടി ദാമോദരന്‍ - 5 ലക്ഷം, കലവൂര്‍ രവികുമാര്‍ - 5 ലക്ഷം എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്.
ഛായാഗ്രഹണത്തിന് 6 ലക്ഷം വരെയാണ് മലയാളത്തിലെ റേറ്റ്. പി സുകുമാറാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത്. സഞ്ജീവ് ശങ്കര്‍ - 5 ലക്ഷം, ആനന്ദക്കുട്ടന്‍ - മൂന്നര ലക്ഷം എന്നിങ്ങനെയാണാ പട്ടിക. ഈ തുക എപ്പോഴും കൃത്യമായി കിട്ടണമെന്നില്ല. സൌഹൃദത്തിന്റെ പേരിലുള്ള വിട്ടുവീഴ്ചകള്‍, വണ്ടിച്ചെക്കായി മാറുന്ന വാഗ്ദാനങ്ങള്‍ എന്നിങ്ങനെയും വരാം. പല താരങ്ങളുടെയും വീട്ടില്‍ വണ്ടിച്ചെക്കിന്റെ ആല്‍ബം തന്നെയുണ്ട്!
RELATED PAGES
» Beyond The Screen
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME