Prithviraj; After the Award

Prithviraj
ബൈജു പി സെന്‍
ചൂടന്‍ ... അല്പം കൂടി ഭംഗിവാക്കില്‍ പറഞ്ഞാല്‍ 'strong and tough person' പൃഥ്വിരാജിന് സിനിമാലോകം കല്പിച്ചു കൊടുത്ത സ്ഥാനം ഇതാണ്.സിനിമയിലെ കഥാപാത്രങ്ങളെ പോലെ തുറന്നടിക്കുന്ന സ്വഭാവം. സിനിമയിലെ കഥാപാത്രങ്ങള്‍ അവയെല്ലാം ചേര്‍ത്ത് വല്ലാത്തൊരു ഇമേജില്‍ പൃഥ്വിരാജിനെ തളച്ചിട്ടിരിക്കുകയാണ്. മലയാളത്തില്‍ 30 ചിത്രങ്ങള്‍ പിന്നിട്ട ശേഷമാണ് ഈ യുവതാരത്തെ തേടി അംഗീകാരങ്ങള്‍ കടന്നു വന്നത്. തമിഴകത്ത് 3 ചിത്രങ്ങള്‍ പിന്നിട്ടപ്പോഴേക്കും സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വരെ പൃഥ്വിയെ പ്രശംസിച്ചു.
ഒരു വശത്ത് പൃഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കിയ സംവിധായകന്‍ തന്നെ വീണ്ടും പൃഥ്വിയുമായി ഒന്നിക്കുന്നു. മറുവശത്ത് പൃഥ്വി ജാഡക്കാരനാണെന്ന പരാതി. ഈ വാദങ്ങളെ എങ്ങനെ ന്യായീകരിക്കുന്നു.
ചോദ്യത്തില്‍ തന്നെ അതിന് ഉത്തരമുണ്ട്. എന്നെ അറിയാവുന്നവര്‍ അങ്ങനെ പറയില്ല. ഒരു പടത്തിനു ശേഷം അവര്‍ തന്നെ എന്നെ നായകനാക്കി സിനിമ എടുക്കുന്നുണ്ടെങ്കില്‍ ഞാന്‍ അത്ര ജാഡക്കാരനായിരിക്കില്ല. ആണെങ്കിലും ഇവരൊന്നും ഗതികെട്ടിട്ടല്ല എന്നെ വച്ച് സിനിമ എടുക്കുന്നത്.
എന്നെ പരിചയമില്ലാത്തവരാണ് തെറ്റിദ്ധരിക്കുന്നത്. ദൂരെ നിന്ന് നിരീക്ഷിക്കുന്നതിന്റെ പ്രശ്നമാണ്. ആളുകളെ കാണുമ്പോള്‍ അഭിനയിക്കാനുള്ള ശ്രമം കുറച്ചൊക്കെ ഞാന്‍ നടത്തിയിട്ടുണ്ട്. പക്ഷേ, അത് എനിക്കു പറ്റുന്നില്ല. അത് എന്റെ വലിയൊരു കുറവായി ഞാന്‍ ഏറ്റുപറയാം. അതു കൊണ്ടാണ്
ഞാന്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാത്തത്. ലൊക്കേഷനില്‍ എത്തിയാല്‍ ആ കഥാപാത്രത്തെ എങ്ങനെ ഭംഗിയാക്കാം എന്നാണ് ആലോചിക്കാറുള്ളത്.
ഏറെ വിവാദങ്ങളോടെയാണല്ലോ പൃഥ്വിരാജ് മികച്ച നടനുള്ള അംഗീകാരം നേടിയത്?
അംഗീകാരത്തിനു വേണ്ടിയല്ല ഞാന്‍ വാസ്‌തവത്തില്‍ അഭിനയിച്ചത്. എന്റെ സാധാരണ സിനിമയെ സമീപിക്കുന്ന പോലെ മാത്രമേ ഞാന്‍ വാസ്‌തവത്തെയും കണ്ടിട്ടുള്ളൂ.
വാസ്‌തവത്തിന്റെ പ്രത്യേകതയെ കുറിച്ച് എന്നോട് പറഞ്ഞത് സെന്‍സര്‍ ബോര്‍ഡിലെ എന്റെ സുഹൃത്താണ്. വാസ്‌തവം പരിഗണിച്ചതായി ഞാന്‍ പോലും അറിയുന്നത് അവാര്‍ഡ് പ്രഖ്യാപനത്തോടെയാണ്. അവാര്‍ഡ് വിവരം അറിഞ്ഞ് ഞാന്‍ ഏറെ സന്തോഷിച്ചിട്ടുണ്ട്. പിന്നെ വന്ന വിവാദം ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്.
വാസ്തവത്തിലൂടെ പൃഥിരാജിന് ലഭിച്ച മികച്ച നടനുള്ള അംഗീകാരത്തെ ഒരു നടന്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു?
എനിക്ക് അവാര്‍ഡ് കിട്ടിയത് എന്റെ അഭിനയം മമ്മൂക്കയുടെയോ ലാലേട്ടന്റെയോ അഭിനയത്തേക്കാള്‍ മികച്ചതു കൊണ്ടല്ല. എന്നെ അംഗീകാരത്തിലേക്ക് എത്തിച്ചത് വാസ്‌തവത്തിലെ ക്യാരക്‌ടര്‍ ആണ്. അടുത്തകാലത്ത് മലയാള സിനിമയില്‍ എഴുതപ്പെട്ട ഏറ്റവും കോപ്ലക്സായ കഥാപാത്രമായിരുന്നു അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചടത്തോളം ആ കഥാപാത്രത്തിന്റെ പ്രകടനം ഏറ്റവും വലിയ ചലഞ്ച് ആയിരുന്നു. ആ കഥാപാത്രത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയതിനാലാവണം ജൂറി എന്നെ തിരഞ്ഞെടുത്തത്. മാത്രമല്ല ബാലചന്ദ്രന്‍ അഡികയായി
ലാലേട്ടനോ മമ്മൂക്കയോ അഭിനയിച്ചിരുന്നെങ്കില്‍ ഇതിലും നന്നായേനെ.
ആരോപണങ്ങള്‍ എന്നെ ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ല. അവാര്‍ഡ് കിട്ടിയെങ്കിലും അതു ഞാന്‍ മറന്നു. അവാര്‍ഡ് കിട്ടി.... വലിയ പ്രോത്സാഹനം ...അത് ഷോകേസില്‍ സൂക്ഷിക്കുക.... അത് മറക്കുക... അതാണ് ലൈന്‍.
അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യം വിളിച്ചത് ലാലേട്ടനാണ്. പിന്നെ മമ്മൂക്ക, നെടുമുടി വേണു ചേട്ടന്‍... അങ്ങനെ ഒത്തിരി പേര്‍.
പൃഥ്വിരാജിനെ പോലെയുള്ള മലയാളത്തിലെ യുവതാരങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
തിരക്കഥകളില്ലായ്മയാണ് യുവതാരങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി. പലപ്പോഴും ഞങ്ങളൊക്കെ ചെയ്യുന്ന ചിത്രങ്ങള്‍ ലാലേട്ടനെയോ മമ്മൂക്കയെയോ മനസില്‍ കണ്ട് എഴുതി, ഒടുവില്‍ അവരെ കിട്ടാതെ വരുമ്പോള്‍ നമുക്കുവേണ്ടി മാറ്റി തുന്നിയ കഥകളാണ്.
ഒരിക്കലും നമുക്കു വേണ്ടി ആരും കഥ എഴുതുന്നില്ല എന്നു വേണം കരുതാന്‍. കഴിഞ്ഞ ക്ലാസ്‌മേറ്റ്സോ അല്ലെങ്കില്‍ ഇനി ഷാഫിക്കു വേണ്ടി ചെയ്യുന്ന ചോക്ലേറ്റോ ഒഴികെ. അതിന്റെ കുഴപ്പങ്ങള്‍ ചിത്രത്തില്‍ മുഴച്ചു നില്‍ക്കും.
ആദ്യകാലത്ത് യുവനടന്മാരില്‍ പ്രതീക്ഷ കണ്ടവര്‍ക്ക് ഇന്ന് അവരില്‍ കോണ്‍ഫിഡന്‍സില്ല. ഒന്നോ രണ്ടോ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ അവരെ കൈവിടുന്ന കാഴ്‌ച കാണാം.
ഞാന്‍ ആരെയും താഴ്‌ത്തികെട്ടുകയല്ല. സൂപ്പര്‍താരങ്ങളായ ലാലേട്ടനും മമ്മൂക്കയ്ക്കും കഴിവു തെളിയിക്കാന്‍ ഒരു 10 വര്‍ഷമുണ്ടായിരുന്നു. ആ സമയമെങ്കിലും ഇന്നത്തെ യുവതാരങ്ങള്‍ക്കു കൊടുക്കണം. വലിയ താരങ്ങള്‍ പുതിയ സംവിധായകര്‍ക്ക് അവസരം കൊടുക്കണം. വലിയ സംവിധായകര്‍ പുതിയ താരങ്ങളെ ഉപയോഗപ്പെടുത്തണം. ആദ്യത്തെ നിലയിലാണ് അന്‍വര്‍ റഷീദും റോഷന്‍ ആന്‍ഡ്രൂസും ബ്ലസിയും ഇവിടെയുണ്ടായത്. രണ്ടാമത്തെ സ്ഥിതി ഇവിടെ അപൂര്‍വമാണ്. പുതിയ നടന്മാരെ വച്ച് ഇന്ന് സിനിമയെടുക്കുന്നത് പുതിയ സംവിധായകരാണ് . ഇവിടെ എങ്ങനെയാണ് യുവതാരങ്ങള്‍ക്ക് നല്ല ഓപ്പണിങ് ലഭിക്കുന്നത്.

RELATED PAGES
» Prithviraj Album
» Prithviraj Now
» Vasthavam Page
» Movie Pages




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME