പഞ്ചസാര  വേണ്ടെന്നുവച്ച  ഉറുമ്പുകൾ

ഫിൻലൻണ്ടിൽ ടാമ്പാറെ എന്ന സ്ഥലത്ത് ഔദ്യോഗികമായ ഒരു ആവശ്യത്തിനു പോയതായിരുന്നു.  ജോലി കഴിഞ്ഞു വൈകുന്നേരം അവിടെയുള്ള ഫിന്നിഷ് സുഹൃത്ത് ജാക്കോ ചോദിച്ചു,  ”ഞാൻ വൈകുന്നേരം നടക്കുന്ന പതിവുണ്ട്. കൂടുന്നോ?”

കേൾക്കേണ്ട താമസം ഞാൻ യെസ് പറഞ്ഞു.  നടക്കുന്നതിനിടെ സംസാരിക്കാം. അനുഭവകഥകൾ കേൾക്കാനും പറയാനും എനിക്കിഷ്ടമാണ്. പുസ്തകത്തിൽ നിന്നും കിട്ടാത്ത പല അറിവുകളും മറ്റുള്ളവരുമായുള്ള സംസാരത്തിൽ നിന്നു കിട്ടും.  ആ അറിവുകൾ പലതും വളരെ വിലപ്പെട്ടതും ജീവിതപാഠങ്ങളുമാണ്.

ഒരു പുതിയ സ്ഥലത്തു ചെന്നാൽ അപരിചിതത്വം ഉണ്ടാകാതിരിക്കാനും കഥകൾ ഉപകരിക്കും; കേൾക്കുന്നതും പറയുന്നതും.  ഏതു കൂട്ടത്തിൽ ചെന്നു പെട്ടാലും ആദ്യം നമ്മൾ നല്ലൊരു ശ്രോതാവാകുക.  പിന്നെ, സമാനമായ കഥകൾ പറയാൻ തയാറാകുകയും വേണം.

അങ്ങനെ നടക്കുമ്പോഴാണ് ജാക്കോ തന്റെ നേപ്പാൾ യാത്രകളേക്കുറിച്ചു  പറഞ്ഞത്. വിദേശീയരായ എന്റെ പല സുഹൃത്തുക്കളും പോയിട്ടുള്ള സ്ഥലമാണ് നേപ്പാൾ.  എവറസ്റ്റിൽ കയറാനായി എല്ലാ വർഷവും പോകുന്നവരുമുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ പലപ്പോഴും അസൂയ തോന്നും; എനിക്ക് ഒരിക്കലും പോകാൻ പറ്റിയിട്ടില്ലാത്ത രാജ്യം.

ജാക്കോ രണ്ടു വർഷത്തോളം നേപ്പാളിൽ താമസിച്ചിട്ടുമുണ്ട്. ഐക്യരാഷ്ട്രസംഘടനയ്ക്കു വേണ്ടി സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായുള്ള ജോലി ആയിരുന്നു.  അവിടെയുണ്ടായിരുന്ന ജാക്കോയുടെ ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളിനേക്കുറിച്ചും ബംഗാളിലേക്കുള്ള ബുള്ളറ്റ് യാത്രകളേക്കുറിച്ചുമൊക്കെ പലപ്പോഴായി നേരത്തെ കേട്ടിട്ടുള്ളതാണ്. ജാക്കോയുടെ അഭിപ്രായത്തിൽ ഇന്ത്യക്കാരേക്കാൾ സൗമ്യരായ ആൾക്കാർ നേപ്പാളികളാണ്.  അദ്ദേഹത്തിന്റെ ബോസായ രാംനാഥ് ഒരിക്കൽ പറഞ്ഞ രസകരമായ അനുഭവം ജാക്കോ വിവരിച്ചു.  ബുദ്ധിസ്റ്റാണ് രാംനാഥ്.

”ബുദ്ധമതാചാരത്തിന്റെ ഭാഗമായി പക്ഷികൾക്കും മൃഗങ്ങൾക്കും പല തരത്തിലുള്ള പഴങ്ങൾ ‘അർച്ചന’ ആയി നൽകാറുണ്ട് രാംനാഥ്.   ഒരിക്കൽ അദ്ദേഹം വിചാരിച്ചു ഇന്നത്തെ ഭക്ഷണം കൊടുക്കുന്നത് ഉറുമ്പുകൾക്കായാലോ, എന്ന്.  അങ്ങനെ ഒരു പിടി പഞ്ചസാര കറുത്ത കുഞ്ഞൻ ഉറുമ്പുകൾക്ക് ഇടയിലേക്ക് വിതറി.  എല്ലാവരും കൂട്ടമായി വന്ന് ആ പഞ്ചസാര മുഴുവൻ ആർത്തിയോടെ കഴിക്കും എന്നു കരുതി നിന്ന രാംനാഥ് അത്ഭുതപ്പെട്ടുപോയി.  ഒറ്റയുറുമ്പു പോലും ആ പഞ്ചസാരത്തരികളുടെ അടുത്തേക്കു വന്നില്ല!  എന്നു മാത്രമല്ല, കുഞ്ഞൻ ഉറുമ്പുകളെല്ലാം ഭയന്നിട്ടെന്നതുപോലെ ചിതറി ഓടുകയും ചെയ്തു.”

ഞാൻ ചോദിച്ചു,  ” അത് അത്ഭുതം ആയിരിക്കുന്നല്ലോ! പഞ്ചസാര കണ്ടാൽ ഉറുമ്പുകൾക്ക് സന്തോഷമാകില്ലേ? ”

ജാക്കോ പറഞ്ഞു, ”ഞാനും അങ്ങനെയാണ് വിചാരിച്ചത്. എന്നാൽ രാംനാഥ് പറഞ്ഞു, കുഞ്ഞൻ ഉറുമ്പുകൾക്ക് ശീലം, എവിടെയെങ്കിലും അനങ്ങാതെ ഇരിക്കുന്ന പഞ്ചസാരയോ ശർക്കരയോ കഴിച്ചാണ്.  അപ്രതീക്ഷിതമായി എറിഞ്ഞ പഞ്ചസാരത്തരികൾ, എന്തോ അപകടമായി അവർ തെറ്റിദ്ധരിച്ചു. ഒരിക്കലും അത് ആഹാരമായി അവർ കരുതിക്കാണില്ല.”

ജാക്കോ രാംനാഥിനോട് ചോദിച്ചു, ”കുഞ്ഞൻ ഉറുമ്പുകൾ പിന്നീട് വന്നു പഞ്ചസാര കഴിച്ചോ?”

രാംനാഥ് പറഞ്ഞു, ”ഇല്ല, കുഞ്ഞൻ ഉറുമ്പുകൾ പിന്നീട് ആ വഴിയിലേ വന്നില്ല. കുറെ കഴിഞ്ഞപ്പോൾ വലിയ ഉറുമ്പുകൾ വന്ന് ആ പഞ്ചസാരത്തരികൾ കഴിക്കുകയും ചെയ്തു.”

അദ്ദേഹം എന്നിട്ട് പറഞ്ഞുവത്രേ,  ” ജീവിതവും ഇതേപോലെയാണ്. ചില നല്ല അവസരങ്ങൾ അപ്രതീക്ഷിതമായി വരുമ്പോൾ നമ്മൾ അനാവശ്യമായ പരിഭ്രമം കാണിച്ച് അതിൽ നിന്നും വളരെ ദൂരേക്ക് ഓടി അകലും. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ കാണും ഇതേപോലെ ഭയപ്പെട്ട് ഓടി നഷ്ടപ്പെടുത്തിയ അവസരങ്ങൾ.  എന്തും തിരസ്‌കരിക്കുന്നതിനു മുൻപേ ഒന്നു കൂടി സമയമെടുത്ത് വിശദമായി ആലോചിക്കണം.”

ഈ  കഥ എന്നെ വല്ലാതെ സ്പർശിച്ചു. കാരണം, കുഞ്ഞൻ  ഉറുമ്പുകളേപ്പോലെ പേടിച്ചോടി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ധാരാളം അനുഭവങ്ങൾ എനിക്കുമുണ്ടല്ലോ!

Order Nowകണികം
സുരേഷ് സി പിള്ള
താമര
2019