എന്നും സന്ധ്യ മയങ്ങിയാൽ ഒരു പാട്ട് കേൾക്കാം. ”കള്ളോളം നല്ലോരു…”

കണ്ണഞ്ചോവന്റെ പാട്ടാണ്. പാട്ടത്തിനെടുത്ത പറമ്പുകളിൽ വാഴക്കൃഷി ചെയ്തിരുന്ന കള്ളുകുടിയൻ. ഉടുത്ത മുണ്ടഴിച്ച് തലയിൽ കെട്ടി ഇടവഴിയുടെ വീതിയളന്നും പല വീടുകളുടെയും വേലിയിൽ ചെന്നുകയറിയും പലപ്പോഴും മുട്ടുകാലിൽ ഇഴഞ്ഞും ഒക്കെ പോകുന്നയാൾ.

പാറുക്കുട്ടി പ്രാകും, ”പണ്ടാരം വല്ല കെണറ്റിലോ ചാലിലോ വീണ് ചാവ്ണില്ല്യാല്ലൊ. എന്നും സന്ധ്യാമ്പോ ഇവന്റെ തെറിപ്പാട്ട് കേക്കണംന്നാ നാട്ടാര്‌ടെ തലേലെഴുത്ത്.”

അമ്മീമ്മ വിലക്കും, ”നെറഞ്ഞ സന്ധ്യാമ്പോ ആരേം പ്രാകരുത്, പാറൂട്ടി. അവൻ കള്ളു കുടിച്ച് അവനാനെ നശിപ്പിക്കുമ്പൊ നമ്മളായിട്ട് പ്രാകീം കൂടി നാശം അധികാക്കണ്ട. പെണ്ണുങ്ങൾടെ പ്രാക്ക് ഫലിക്കുംന്നാ പറയാ.”

”പിന്നേ ഫലിക്കും! ന്ന്ട്ട് ഭാര്യേ ചതച്ച് കൊല്ലണ ആണങ്ങള് ചോര തൂറ്റിച്ചാവല്ലേ. ഭാര്യ ചത്താ പെല മാറുമ്പളയ്ക്കും വേറൊരുത്തീന്റെ കൂട്യാ പൊറുക്കും, അതന്നെ. കള്ളുകുടിയന്മാരെ ഒക്കേറ്റിനേം തല്ലിക്കൊല്ലണം.”

പാറുക്കുട്ടിയുടെ ഉറച്ച അഭിപ്രായമാണത്. അമ്മീമ്മ വിലക്കുന്നത് പാറുക്കുട്ടിക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ കണ്ണഞ്ചോവനെ പ്രതി അവർ തർക്കിച്ചു പോന്നു.

ഈ തർക്കങ്ങൾക്കു കാരണമായ കണ്ണഞ്ചോവനെ ഞാനും അനിയത്തിയും ഭയപ്പെട്ടിരുന്നു. കള്ളുകുടിയൻ എന്ന ഭീകരജീവിയെക്കുറിച്ചോർത്ത് ഞങ്ങൾ പലപ്പോഴും അസ്വസ്ഥരായി. പകൽവെളിച്ചത്തിൽ വല്ല മദ്യപാനികളെയും കാണാനിടയായാൽ പാമ്പിനെ കാണുമ്പോഴെന്നപോലെ നടുങ്ങി. വലിയ ധൈര്യശാലിയെന്ന് നാട്ടിലെ സ്ത്രീകളൊക്കെ വാഴ്ത്താറുള്ള അമ്മീമ്മയ്ക്കും കള്ളുകുടിയന്മാരെ കാണുന്നത് അത്ര പഥ്യമൊന്നുമായിരുന്നില്ല.

അതീവധനികരും പ്രതാപശാലികളുമായ സഹോദരന്മാരുമായി സ്വന്തം കിടപ്പാടത്തിനു വേണ്ടിയുള്ള കേസ് വാദിക്കേണ്ട ദൈന്യത്തിലായിരുന്നു അക്കാലത്ത് അമ്മീമ്മ. അതിദീർഘമായി തുടർന്ന ഒരു സമരത്തിന്റെ ആദ്യകാലമായിരുന്നു അത്.

അങ്ങനെയൊരിക്കൽ, ഒരു സ്‌കൂളവധിദിനത്തിൽ വക്കീലുമായുള്ള നെടുനീളൻ ചർച്ചകൾക്കു ശേഷം ഞങ്ങൾ മൂവരും കൂടി തിരിച്ചു വരികയായിരുന്നു. പകുതി ദൂരം ബസ്സിൽ യാത്ര ചെയ്ത് ബാക്കി വലിയ ഒരു നെൽപ്പാടം നടന്നുകയറി വീട്ടിന്റെ പുറകുവശത്തെ നാട്ടിടവഴിയിൽ എത്താനായിരുന്നു അമ്മീമ്മ മുതിർന്നത്. അപ്പോൾ ബസ്സുകൂലി ലാഭമുണ്ടാകും. കുറച്ച് ദൂരവും കുറയും.

മൂന്നാംക്ലാസ്സിൽ പഠിക്കുന്ന ഞാനും രണ്ടാംക്ലാസ്സിൽ പഠിക്കുന്ന അനിയത്തിയും അമ്മീമ്മയ്‌ക്കൊപ്പം പാടത്തു കൂടി നടന്നുവരുമ്പോൾ അപ്രതീക്ഷിതമായി വലിയ ഒരിടി വെട്ടി, മാനം കറുത്തിരുണ്ടു. നിമിഷങ്ങൾക്കകം ആരോടോ വൈരാഗ്യം തീർക്കുന്ന മാതിരി മഴ ആർത്തിരമ്പി പെയ്യുവാൻ തുടങ്ങി.

കണ്ണു കാണാത്ത വിധത്തിൽ കോരിച്ചൊരിയുന്ന മഴ, ശക്തിയായ ഇടിയും മിന്നലും കാറ്റും, പേടിച്ചരണ്ട രണ്ട് കുഞ്ഞുങ്ങൾ, വിജനമായ വലിയ പാടം… നടക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ലാതിരുന്നതു കൊണ്ട് അമ്മീമ്മ നടന്നു.

പെട്ടെന്നാണ് ചെളിയഴുകിയ വരമ്പിൽ നിന്ന്, അരികിലെ വാഴത്തോപ്പിലുണ്ടായിരുന്ന പൊട്ടക്കിണറ്റിലേക്ക് ഒരു വലിയ നിലവിളിയോടെ അവർ താഴ്ന്നുപോയത്. ആ നിലവിളിയും അപ്പോഴുണ്ടായ നടുക്കവും ഭീതിയും ഇന്നും എന്നിൽ അനാഥത്വത്തിന്റെ നെഞ്ചുപൊട്ടലായി ബാക്കി നിൽക്കുന്നു.

ഞങ്ങൾ രണ്ടു പേരും അലറിക്കരഞ്ഞു. ആ പെരുമഴയത്ത് ആരു കേൾക്കാനാണ്? വാഴത്തോപ്പിൽ അപ്പോൾ പ്രത്യക്ഷപ്പെട്ട രൂപത്തിന്റെ പേരാണ് ദൈവം.

”എന്താ മക്കളേ ഇവ്‌ടെ?” എന്നു ചോദിച്ച് കണ്ണഞ്ചോവൻ! കരച്ചിലിനിടയിൽ പൊട്ടക്കിണർ ചൂണ്ടിക്കാണിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു.

കിണറ്റിൽ എത്തിനോക്കിയ അയാൾ അമ്മീമ്മയെ കണ്ട് ഞെട്ടി, എങ്കിലും ഞങ്ങളെ ആശ്വസിപ്പിച്ചു: ”ഹേയ്, മക്കള് കരേല്ലെ… ദൊരു കുഴിയല്ലേന്നും പൊട്ടക്കുഴി. ദിപ്പോ പിടിച്ച് കേറ്റാം തമ്പ്‌രാട്ട്യെ.”

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കണ്ണൻ ഉച്ചത്തിലൊന്നു കൂക്കി. മഴ തോറ്റു പാളീസടിച്ച ആ കൂക്കിന്റെ ശബ്ദത്തിനുത്തരമായി മൂന്നാലു പേർ വാഴത്തോപ്പിൽ നിന്നിറങ്ങിവന്നു. അതിലൊരാൾ അമ്മീമ്മയുടെ പൂർവവിദ്യാർത്ഥിയായിരുന്നു. അവരെല്ലാവരും ചേർന്ന് അമ്മീമ്മയെ ആ പൊട്ടക്കിണറ്റിൽ നിന്ന് ഉയർത്തിയെടുത്തു.

അമ്മീമ്മയെ കണ്ടപ്പോഴാണ് ഞങ്ങൾ പിന്നെയും ഉച്ചത്തിൽ കരഞ്ഞുപോയത്. അവരുടെ സാരി കീറിയിരുന്നു, മുഖത്തും കൈയിലും ഒക്കെ പരിക്കേറ്റിരുന്നു, ദേഹത്താകെ ചെളി പുരണ്ടിരുന്നു. എങ്കിലും അമ്മീമ്മ ചിരിച്ചു.

”ഒരു വേരുമ്മേ പിട്ത്തം കിട്ടീ കണ്ണാ… ദൈവാധീനം! അതോണ്ട് താഴേക്കു പോയില്ല. പാമ്പും പഴ്താരേം ഒന്നും വന്ന് കടിച്ചില്ല്യ. നിക്ക് നല്ല ഭാഗ്യണ്ട്… ശര്യല്ലേ ജോസെ?”

അമ്മീമ്മയുടെ പൂർവവിദ്യാർത്ഥി തല കുലുക്കി.

വക്കീലിനെ കണ്ട് മടങ്ങുകയായിരുന്നു അമ്മീമ്മ എന്നറിഞ്ഞപ്പോൾ, കണ്ണൻ സമാധാനിപ്പിക്കാൻ മറന്നില്ല. ”തമ്പ്‌രാട്ട്യന്നെ ജയിക്കും, സത്യം പുലരണ നേരം മാത്രേ കാക്കണ്ടു.”

കാരുണ്യത്തോടെ ജോസ് ക്ഷണിച്ചു. ”ടീച്ചറെ, ദാ വാഴോൾടപ്പറത്താ ന്റെ വീട്, അങ്ങട് ആ പോയിട്ട് മഴ തോർന്നേപ്പിന്നെ മഠത്തിൽക്ക് പോയാ മതി. ഞാൻ ക്ടാങ്ങളെ സൈക്കിളുമ്മേ കൊണ്ടാക്ക്യരാം.”

അങ്ങനെ ഞങ്ങൾ ജോസിന്റെ വീട്ടിലെത്തി. മഴ അല്പം ശമിച്ചിരുന്നു അപ്പോഴേക്കും.

ചാണകം മെഴുകിയ തറയുള്ള ഒരു കൊച്ചുവീടായിരുന്നു അത്. വരാന്തയിൽ നനഞ്ഞ കോഴികളും ഒരു പട്ടിയും പിന്നെ ഒരു പൂച്ചയും വിശ്രമിച്ചിരുന്നു. തൊട്ടപ്പുറത്തെ തൊഴുത്തിൽ എരുമകളും.

ജോസിന്റെ അമ്മ കൊടുത്ത വെള്ളമുപയോഗിച്ച് അമ്മീമ്മ ചെളിയെല്ലാം കഴുകിക്കളഞ്ഞു. കീറിയ സാരി ഒരു മാതിരിയൊക്കെ വലിച്ച് കുത്തി. അപ്പോഴേക്കും ആ അമ്മ മടിച്ചുമടിച്ച് മൂന്നു ചില്ലു ഗ്ലാസ്സിൽ ചായ കൊണ്ടുവന്നു.

”ഇത്തിരി ചായ, തൺപ്പല്ലേന്ന്ച്ചട്ടാ. ടീച്ചറ് കുടിയ്‌ക്കൊ ഞങ്ങടെ ചായ?”

അമ്മീമ്മ ചിരിച്ചുകൊണ്ട് കൈ നീട്ടി. ചായഗ്ലാസ്സിന് പരിചയമില്ലാത്ത ഒരു മണമുണ്ടായിരുന്നു. ഞാൻ പതുക്കെ ചിണുങ്ങി നോക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അമ്മീമ്മയുടെ കണ്ണുകൾ ഒരു താക്കീതോടെ തീക്ഷ്ണമായി.

മഴ മാറിയപ്പോൾ ജോസ് ഞങ്ങൾക്കൊപ്പം വീടു വരെ വന്നു.

സന്ധ്യ കഴിഞ്ഞ് കണ്ണന്റെ ‘കള്ളോളം…’ എന്ന പാട്ട് നാട്ടിടവഴിയിൽ മുഴങ്ങി, പതിവുപോലെ. ഞങ്ങൾക്ക് ദേഷ്യമോ വെറുപ്പോ ഭയമോ തോന്നിയില്ല.

കണ്ണൻ ദൈവമായിക്കഴിഞ്ഞിരുന്നു.

Order Nowജീവിതമാണ്.
എച്‍മുക്കുട്ടി
ഇന്ദുലേഖ പുസ്തകം
2019